Wednesday, October 2, 2013

കയ്ച്ചിട്ട് ഇറക്കാനും വയ്യാ....മധുരിച്ചിട്ട് തുപ്പാനും വയ്യാ.....

കയ്ച്ചിട്ട്  ഇറക്കാനും വയ്യാ....മധുരിച്ചിട്ട് തുപ്പാനും വയ്യാ.....

ഈ അവസ്ഥയിലാണ് ഞാനിപ്പോൾ.

ഞാൻ സഖാവിനെ എന്താ ചെയ്യുക, ഒരു എത്തും പിടിയും കിട്ടുന്നില്ല.

ചില നേരത്ത് അവളുടെ പെരുമാറ്റം കണ്ടാൽ അതോടെ എല്ലാം അവസാനിപ്പിക്കാൻ തോന്നും.

അവളൊരിക്കലും എനിക്ക് വാക്ക് തന്നിട്ടില്ല, എന്നെ കാത്തിരിക്കാമെന്ന് ഉറപ്പും പറഞ്ഞിട്ടില്ല.

അതുകൊണ്ട് അവസാനം പൊട്ടനായിത്തീരുന്നതു ഞാൻ തന്നെയായിരിക്കും.

ഇതുവരെ എന്റെ ജീവിതത്തിൽ ഉണ്ടായിരിക്കുന്നതും അത് തന്നെയല്ലേ..

Monday, April 29, 2013

വീണ്ടും ഞാൻ ചെളിയിൽ വീണു

വീണ്ടും ഞാൻ ചെളിയിൽ വീണു. 

ഒരിക്കലും പ്രതീക്ഷിക്കാതെ. 

കാലാകാലങ്ങളായി സരീരത്ത്തിലും മനസ്സിലും പറ്റിപ്പിടിച്ചിരുന്ന അഴുക്കുകൾ പതുക്കെ കുറേശ്ശേയായി കഴുകി കളയുകയായിരുന്നു.

എല്ലാം വൃഥാവിലായി. 

എന്റെ ദൈവമേ,എന്നെ കാത്തോളണമേ.... 

Friday, April 26, 2013

എന്റെ പ്രിയ സഖാവേ

ഹൃദയത്തിലൂടെ ഒരു വാൾ തുളച്ചുകയരുന്നു... 

എന്റെ പ്രിയ സഖാവേ, ഞാൻ തകർന്നു പോകുമോ??

എന്റെ ദൈവമേ എന്നോട് കരുണ കാണിക്കണമേ.... 

Friday, April 12, 2013

നാണക്കേടിന്റെ അവസാനത്തെ ആണി

നാണക്കേടിന്റെ അവസാനത്തെ ആണിയും ഇന്ന് അടിക്കപ്പെട്ടു.

പാലിക്കപ്പെടാത്ത വാക്കിനെക്കാൾ മോശം ആയ  മറ്റൊന്നില്ല...

" ചേട്ടാ പൈസ " എന്ന് അവൻ രാവിലെ ചോദിച്ചപ്പോൾ ഞാൻ ഉരുകി ഇല്ലാതായി,
ക്ഷമയുടെ നെല്ലിപലകയിൽ നിന്നുകൊണ്ടാണ് അവൻ അത് ചോദിച്ചത് എന്ന് എനിക്കറിയാം.

മുന്നിൽ  2,3 വഴികൾ ഉണ്ട്. പക്ഷെ അത് എത്രത്തോളം ഫലവത്താകും എന്ന് യാതൊരു ഉറപ്പുമില്ല

കിട്ടാനുള്ളത് കൂടുമ്പോൾ കൊടുക്കാനുള്ളതും സ്വാഭാവികമായി കൂടും.

അറിയില്ല എന്ത് ചെയ്യണമെന്നു.....

Thursday, January 24, 2013

അര്‍ഹത

ഞാന്‍ അവളെയാണോ
അതോ, അവള്‍ എന്നെയാണോ
അര്‍ഹിക്കാത്തത്‌?

അറിയില്ല....

പ്രണയത്തിന്‍റെ ഗന്ധം

എന്‍റെ ആദ്യത്തെയും അവസാനത്തെയും പ്രണയങ്ങള്‍ക്ക് ഒരേ ഗന്ധമാണ്;

ചെമ്പക പൂവിന്‍റെ.

ചിരിക്കാന്‍ പഠിപ്പിക്കുന്ന കോഴ്സ്

ഹൃദയത്തിലെരിയുന്ന കനലിനു മുകളില്‍ ചവിട്ടിനിന്നു
ചിരിക്കാന്‍ പഠിപ്പിക്കുന്ന ഏതെങ്കിലും കോഴ്സ് ഉണ്ടോ ?

എങ്കിലൊന്നു പറയണേ...

Sunday, January 13, 2013

അമ്മാമ്മ കണ്ട സ്വപ്നം


"എന്താണ്ടേ മിഴിച്ചു നോക്കണേ.... ഇദു ഞാന്‍ തന്ന്യാ..."
മരിച്ചു പോയ അപ്പാപ്പന്‍ ഫുള്‍ സൈസില്‍ മുന്നില്‍ നിന്ന് വന്നീട്ടും അമ്മാമ്മക്ക് വിശ്വാസം വരണില്ല.

"നീ പോരനണ്ട, നീയുംകൂടി വന്നാലെ അകത്തു കെറ്റുല്ലൂ  എന്നാണ് പത്രോസ് ശ്ലീഹ പറയണേ..." എന്നിട്ടും അമ്മാമ്മക്ക് മിണ്ടാട്ടമില്ല

അക്ഷമനായി അപ്പാപ്പന്‍ ആ കുടുസ്സു മുറിയില്‍ ഉലാത്തി. ഇടയ്ക്കിടയ്ക്ക് ചുമരില്‍ മാലയിട്ടു തൂക്കിയ തന്‍റെ ഫോടോയിലേക്ക് നോക്കി.

" നിനക്ക് എന്‍റെ ഫോട്ടോയൊക്കെ ഇടക്കൊക്കെ തോടച്ച്ചൂടെടി...."
കട്ടിലില്‍ നിന്നും എണീക്കാന്‍ വയ്യാത്ത അമ്മാമ്മ ഒന്നും മറുപടി പറഞ്ഞില്ല, അവരുടെ അന്ധാളിപ്പ് ഇതുവരെ മാറിയിട്ടില്ല!!

"ജനവരിയില്‍ സെബാസ്ത്യനോസ് പുന്യാലാണ് ഇരിക്കപോരുതിയുണ്ടാവില്ല.. ഞാന്‍ കണ്ടെര്‍ന്നു ആളെ ....സോര്‍ഗത്ത്തിന്റെ വാതിലിന്‍റെ പാളീടെ എടെലൂടെ " 

ഇടക്കൊന്നു മുറിക്കു പുറത്തേക്ക്  നോക്കി അപ്പാപ്പന്‍ തുടന്നു,
"കഴിഞ്ഞയാഴ്ച മനക്കോടി പെരുന്നാള്‍, ഈയാഴ്ച അരണാട്ടുകര പെരുന്നാള്‍ ഇതിന്‍റെടേല് ഒളരി പൂരം.... നിന്‍റെ മക്കള്‍ക്കും പെരക്കിടാങ്ങള്‍ക്കും അര്‍മാദിക്കാന്‍ എന്തെങ്ങിലുമൊക്കെ ഉണ്ടാകും അല്ലെ..."

പെരുന്നാളൊക്കെ വരുംബളല്ലേ എനിക്ക് എല്ലാ കിടാങ്ങളെയും കാണാന്‍ പറ്റനെ.... അമ്മാമ്മ നയം വ്യക്തമാക്കി.

"നീ പോരനണ്ട" അപ്പാപ്പന്‍ അക്ഷമനായി അമ്മാമയുടെ കൈ പിടിച്ചു വലിച്ചു...

"അടുത്ത വര്‍ഷത്തെ പെരുന്നാളും കൂടി കഴിഞ്ഞിട്ട് വരാം" അമ്മാമ്മ വിക്കി വിക്കി പറഞ്ഞു....

ദേഷ്യത്തോടെ വാതില്‍ വലിച്ചടച്ച് അപ്പാപ്പന്‍ പോയി...
ഞെട്ടിയുണര്‍ന്ന അമ്മാമ്മ കണ്ടത് ചുറ്റുംകൂടി നില്‍ക്കുന്ന മക്കളെയും പേരകളെയും....

"അപ്പന്‍...
അപ്പന്‍ വന്നിരുന്നു......"


 "എവടെ..?"  മൂത്ത മകന്‍ പ്രാഞ്ചി ചോദിച്ചു...

"അമ്മ എന്തൂട്ടാ പറയണേ, അപ്പന്‍ വന്നോന്ന...." മൂന്നാമത്തവന്‍ പോര്‍ക്കിന്റെ ഒരു കഷ്ണം വായിലിട്ടൊന്ദു ചോദിച്ചു.

"എടാ നമ്മടെ അമ്മാമ്മ ഫിറ്റായെന്ന തോന്നണേ" പേരകള്‍ പരസ്പരം പറഞ്ഞു ചിരിച്ചു.

എല്ലാവരും പിരിഞ്ഞു.


"എടാ സണ്ണിയെ നീ അടുത്ത റൌണ്ട് ഒഴിച്ചേ" രേണ്ടാമാത്തവളുടെ കെട്ടിയോന്റെ സബ്ദം അപ്പുറത്ത് നിന്നും കേട്ടു.

വാതിലടഞ്ഞപ്പോള്‍ അമ്മാമ്മ വീണ്ടും അപ്പാപ്പന്റെ ഫോട്ടോയിലേക്ക്‌ നോക്കി,

അപ്പാപ്പന്‍ ഒന്ന് ചിരിച്ചു...